Wednesday, April 22, 2009

നിഷേധി



അന്നത്തെ സായന്തനം ബേപ്പൂരിന്‍റെ തീരത്തെ മണല്‍തരികളെ സ്വര്‍ണ്ണവര്‍ണ്ണമണിയിച്ചില്ലെന്ന് തോന്നുന്നു. മാനത്തെ മേഘാവൃതം അയാളുടെ ഹൃദയത്തില്‍ തെല്ലൊന്നുമല്ല അസ്വസ്ഥത സൃഷ്ടിച്ചത്. ഇതാദ്യമായിട്ടല്ല അന്യനാട്ടിലേക്ക് പോകുന്നതെങ്കിലും , കടല്‍ കടന്ന് !! അതും 'ഉരു'വില്‍ ...!!.

'ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ ?'

ഉരുവില്‍ വീഴുന്ന ചുറ്റികയുടെ ചടുലതാളം അയാളുടെ ഹൃദയത്തിന്‍റെ മിടിപ്പുകളെ ഉയര്‍ത്തി. ബോംബെയില്‍ നിന്ന് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. മോഹിച്ചപെണ്ണിനെ ഒന്ന് കാണുക എന്ന മോഹം മാത്രമായിരുന്നു ഈ തീരത്തേക്ക് എത്തിച്ചത്.അയാള്‍ മനസ്സിനെ നിയന്ത്രിക്കാന്‍ പാടുപെട്ടുകൊണ്ട് പണിതുയര്‍ത്തുന്ന ഉരു എന്ന തച്ചുശാസ്ത്രത്തിന്‍റെ വിസ്മയത്തിലേക്ക് കണ്ണും നട്ടിരുന്നു.

വരുംവരായ്കയെ കുറിച്ച് അയാളത്ര ബോധവാനായിരുന്നില്ല. അതു കൊണ്ടായിരുന്നല്ലൊ, പഠിക്കാനുള്ള കഴിവും തന്‍റേടവും ഉണ്ടായിട്ടും അതെല്ലാം ഇട്ടെറിഞ്ഞു ബോംബെയുടെ തെരുവില്‍ കരിക്കിന്‍ കൂട്ടത്തില്‍ ജീവിക്കേണ്ടി വന്നത്.

അയാള്‍ ഒരു നിഷേധി ആണെന്ന് തറവാട്ടില്‍ എല്ലാവരും പറഞ്ഞിരുന്നു. അതിനൊരു കാരണവും ഉണ്ട്.കെട്ടുപ്രായമായിരിക്കുന്ന സഹോദരിമാരും കെട്ടാതെ നില്‍കുന്ന തന്റെ ചേട്ടന്മാരും ഇരിക്കെ ആയിരുന്നു അയാളിഷ്ടപ്പെട്ട പെണ്ണിന്റെ കാര്യം വീട്ടില്‍ അറിയുന്നത്. അതും തറവട്ടിലെ തന്നെ ഒരു പെണ്‍കുട്ടി!!?. മനസ്സിലെ ഇഷ്ടം അറിയിച്ചത് ഇത്താത്ത കണ്ടപ്പോഴാണ് തറവാട്ടില്‍ അത് വിഷയം ആയതും.

പടിയിറങ്ങിയപ്പോല്‍ ആരും അയാളെ തടഞ്ഞില്ല. പിന്നെ ഒന്നും ആലോചിച്ച് നിന്നില്ല. അയാള്‍ നടന്നു, ഒന്ന് യാത്ര പറയണം തിരിച്ചു വരുന്നത് വരെ കാത്തിരിക്കാന്‍ അപേക്ഷിക്കണം, അയാള്‍ ഉറച്ചു.

അമ്മാവന്റെ മകളാണ്‌ അവള്‍, കാണാന്‍ സുന്ദരി, പോരാത്തവനായ അമ്മാവന്‌ ജനിച്ച തന്‍റേടിയായ പെണ്‍‌കുട്ടി. ആ തന്‍റേടം തനിക്ക് നന്നേ ബോധിച്ചു.അമ്മാവന്‍റെ പോരായ്മയാണ്‌ തറവാട്ടില്‍ നിന്ന് അവരെ അകറ്റിയത് . ബോംബെയില്‍ നിന്ന് വരുമ്പോള്‍ ഓരോ തവണയും അമ്മായിക്ക് കൊടുക്കുന്ന സമ്മാനം മാത്രമായി കുടുംബ ജീവിതം. അതുകൊണ്ടു തന്നെ അമ്മായിക്ക് പെറ്റിടുക എന്നല്ലാതെ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും ഉണ്ടായിരുന്നില്ല. അങ്ങിനെ പെറ്റിട്ടത് പതിനൊന്നും. പഠനവും ഒപ്പം കുട്ടികളെ നോക്കുന്ന ജോലിയും അവളിലായിരുന്നു. പഠിക്കാനുള്ള പ്രേരണ തന്നില്‍ നിന്ന് തന്നെ ആയിരുന്നു. കാലക്രമേണ ആ കുടുംബത്തിന്‍റെ ബാധ്യത മുഴുവന്‍ ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ഭാരം കൂടിവന്നപ്പോഴാണ് ഇങ്ങനെ ഒരു യാത്രയ്ക്ക് തുനിഞ്ഞതും...!!!,

പടിഞ്ഞാറിന്‍റെ ഇളം കാറ്റ് അയാളുടെ കണ്ണുകളെ തഴുകിപ്പാഞ്ഞു. അയാള്‍ പതുക്കെ മയക്കത്തിലേക്കും.‘അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍.....’

അകലെ ചാപ്പയിലെ നിസ്കാരപ്പള്ളിയില്‍ മ‌അരിബ് ബാങ്കിന്‍റെ ഒലി ഉയര്‍ന്നു. അയാള്‍ മയക്കത്തില്‍ നിന്നും ഉണര്‍ന്നു. നമസ്കരിക്കാന്‍ പള്ളിയിലേക്കായ് തിരിച്ചു.

“അല്ലാ....ഇങ്ങള് പള്ളീല്‍ക്കാ...ഞമ്മളൂണ്ട്” കൊണ്ടോട്ടീക്കാരന്‍ ജമാല്‍.ജീവിതം കരുപ്പിടിപ്പിക്കാന്‍ മരുപ്പച്ചതേടുന്ന അനേകരില്‍ ഒരുവന്‍.“ങ്ങള് കൂട്ടം കൂടാണ്ട് ബെക്കം പോയിറ്റ് ബരീന്‍...നേരം ബെയ്തായാല്‍ സെര്യാവൂല എട്ട് മണിക്ക് ബോട്ട് പോകും...ഇങ്ങള് സൊറച്ചോണ്ട് നിന്നാല്‍ ഉരു പോണ്ടബൈക്ക് പോകും, പിന്നെ നെട്ടം തിരിഞ്ഞിട്ടൊന്നുംകാര്യണ്ടാവൂല്ല.”

സ്രാങ്കിന്‍റെ അധികപ്രസംഗം ഗൌനിക്കാതെ അവര്‍ നടന്നു. പള്ളിയില്‍ എത്തിയപ്പോഴേക്കും നമസ്കാരത്തിനായി ‘ഇഖാമത്ത്’ കൊടുത്തിരുന്നു. പെട്ടെന്ന് തന്നെ ‘വുദു’(അംഗശുദ്ധി) എടുത്ത് നമസ്കാരത്തിനായ് അണിയില്‍ ചേര്‍ന്ന് നിന്നു. മനസ്സും ശരീരവും പരമകാരുണ്യവാനായ ദൈവം തമ്പുരാനില്‍ ഭരമര്‍പ്പിച്ച് ഇമാമിന്‍റെ ഇമ്പമാര്‍ന്ന ഖുര്‍‌ആന്‍ പാരായണത്തില്‍ അയാള്‍ അലിഞ്ഞു ചേര്‍ന്നു.

Tuesday, April 14, 2009

വിഷുക്കണി

പുലരിത്തൂ വെട്ടം
പുലരൊളിതന്‍ വെട്ടം.

പൊന്നുരുകും വെട്ടം
വിഷുക്കണിതന്‍ പുണ്യം”.

വരും കാലം നന്മയുടേതും ഐശ്വര്യത്തിന്‍റേതുമാകാന്‍
ജഗതീശനോട് പ്രാര്‍ത്ഥിക്കുന്നു.
എല്ലാവര്‍ക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസിക്കുന്നു.



ചിത്രം വിക്കിപീഡിയയില്‍ നിന്ന്.

Tuesday, February 17, 2009

ആനക്കാരന്‍

എന്‍റെ വല്യുപ്പ; അദ്ദേഹം എന്‍റെ ചെറുപ്പത്തിലേ മരിച്ചുപോയി. ഓര്‍മ്മയിലെ അദ്ദേഹം വലിയ ദേഷ്യക്കാരനായിരുന്നു എങ്കിലും എന്നോട് വളരെ സ്നേഹം ആയിരുന്നു.

ഞാന്‍ സ്കൂളില്‍ പോകുന്നതിനു മുന്‍പു തന്നെ മലയാളവും ആംഗലേയവും എഴുതാനും വായിക്കാനും പഠിച്ചിരുന്നു. ഒപ്പം അക്കങ്ങളും!!!. ഒരു രണ്ട് എന്ന് എഴുതാന്‍ പഠിപ്പിച്ചപ്പോള്‍ ശരിയായി എഴുതുന്നതിനു പകരം തലതിരിച്ചായിരുന്നു എഴുതിയിരുന്നത്.‘ താരെ സമീന്‍ പര്‍ ‘ എന്ന ചിത്രത്തിലെ പയ്യനെ പോലെ. രണ്ട് ശരിയായി എഴുതാന്‍ എന്നെ നല്ലവണ്ണം തല്ലുമായിരുന്നു ഉമ്മ. അതൊന്നും വല്യുപ്പയ്ക്ക് സഹിക്കുമായിരുന്നില്ല. എന്‍റെ നിലവിളിയും സങ്കടവും കണ്ടാല്‍ ഊന്നുവടിയുമായി അദ്ദേഹം ഉമ്മയെ തല്ലാന്‍ വരും.

ഞാന്‍ ഉറങ്ങിയിരുന്നത് അദ്ദേഹത്തിനൊപ്പമായിരുന്നു. ഒരു ദിവസം ഉറങ്ങാനായി ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു “മോനെ വല്യുപ്പാക്ക് ദീനം കലശലാണ് ഇന്ന് കൂടെ ഒറങ്ങണ്ട”. എന്താണ് ദീനം എന്നറിയില്ലെങ്കിലും മനസ്സില്‍ സങ്കടക്കടല്‍ ഇരമ്പി. ഇത്തിരി നേരത്തിനകം വീട്ടില്‍ സ്വന്തക്കാരും നാട്ടുകാരും നിറഞ്ഞു. വെള്ളവസ്ത്രം ധരിച്ച ആരോ ഒരു സ്ത്രീ വെള്ളം തൊട്ട് കൊടുക്കുന്നുണ്ട്. പിന്നീട് നെരം വെളുത്തപ്പോഴെപ്പോഴൊ ഉമ്മയുടെ കരച്ചില്‍ കേട്ടാണ് ഞാനുണര്‍ന്നത്. നടുവകത്തെ കട്ടിലില്‍ പടിഞ്ഞാറിന്നഭിമുഖമായി വെള്ളത്തുണികളാല്‍ മൂടപ്പെട്ട് കിടന്നിരുന്ന വല്യുപ്പ ഒരോര്‍മ്മയായി എന്ന് തീര്‍ച്ചപ്പെടുത്തിയത് സംസ്കാരത്തിനായി മയ്യിത്തുംകട്ടില്‍ എത്തിയപ്പോഴായിരുന്നു.

കാലം പിന്നീട് വല്യുപ്പയുടെ ഓര്‍മ്മകള്‍ കറുത്ത കള്ളികളുള്ള വെള്ള മൌലാനാ ലുങ്കിയിലും പച്ചനിറമുള്ള കമ്പളപ്പുതപ്പിലും മെത്യടിയിലും ഊന്നുവടിയിലും കുടിയിരുത്തി. കാലാന്തരെ, വല്യുപ്പ ഒരു നേരിയ ഓര്‍മ്മയായി. ഞങ്ങളുടെ കുടുംബം യാഥാസ്തിക മുസ്ലിം കുടുംബം അല്ലാതിരുന്നത് കൊണ്ട് ആണ്ടറുതിയൊ ഓര്‍മ്മപ്പെരുന്നാളൊ ഉണ്ടായില്ല അദ്ദേഹത്തെ ഓര്‍ക്കാന്‍. അങ്ങനെ പല വര്‍ഷങ്ങള്‍ കടന്നു പോയി.

ഒരു ദിവസം മദ്ധ്യാഹ്ന നേരം ഞങ്ങളുടെ പുതിയ വീടിന്‍റെ പടി കടന്ന് ഒരു വയോധികന്‍ വേച്ച് വേച്ച് കടന്ന് വന്നു. ചീകി മിനുക്കിയ വെളുത്ത തലമുടി, വെളുത്ത കൊറത്തുണിയുടെ മുണ്ടും ഷര്‍ട്ടും ധരിച്ച ആ കറുത്ത മനുഷ്യന്‍ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു;
“ഞാന്‍ ശങ്കരന്നായര്, ആനക്കാരനായിരുന്നു, ഇവിടുത്തെ വല്യുപ്പ ലോഹ്യക്കാരനായിരുന്നു”.
അപ്പോഴേക്കും ഉമ്മ എത്തി.

“ആരാത് ശങ്കരന്നായരൊ, കാണാല്യാലൊ കൊറച്ചായിട്ട്?”.
“സൊഹല്യ കുട്ട്യ, കെടപ്പാര്‍ന്നു”.
“ഇപ്പൊ ആന്യന്നൂല്യ?”.

“ആനപ്പണി നിറുത്തി, അവര്‍ക്ക് ചെറുപ്പക്കാര് മതീന്ന്. ആനച്ചോറ് കൊലച്ചോറാന്നാ...ന്നാലും ഈ കണ്ടകാലം അതോണ്ട് ജീവിച്ചു. ഞാന്‍ പോരുമ്പൊ ന്‍റെ ആന കര്യാര്‍ന്നു”.
അയാളുടെ കണ്ണില്‍ നിന്നും നീരു പൊടിഞ്ഞു.
“ഇപ്പൊ ജീവിയ്ക്കാന്‍ പാ‍ങ്ങില്ല. മോനൊരുത്തനുണ്ട്, ഒരു കൊണോല്യ, വയസ്സ് കാലത്ത് ഞാന്‍ തന്നെ കുടുംബം പോറ്റണം. തെണ്ടാന്‍ അഭിമാനം സമ്മതിക്കിണില്യ, അതോണ്ട...ന്‍റെ കുട്ട്യോളല്ലെ ങ്ങളൊക്കെ..അതാ ഒരു സമാധാനം”
ഉമ്മ അകത്തു പോയി കുറച്ച് കാശും അരിസാധനങ്ങളുമായി വന്ന് ശങ്കരന്നായരെ യാത്രയാക്കി. പിന്നീട് അയാള്‍ വരുമ്പോഴൊക്കെ ഞാന്‍വല്യുപ്പയെ ഓര്‍ക്കാന്‍ തുടങ്ങി.

കാലക്രമേണ അയാള്‍ വരാതെ ആയി. വല്യുപ്പയുടെ ലോഹ്യക്കാരന്‍ ആണെന്നല്ലാതെ അയാളുടെ ഊരും പേരും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കാലം വല്യുപ്പയെ മനസ്സില്‍ നിന്ന് മായ്ചപോലെ അയാളേയും മായ്ചുകളഞ്ഞു.

പിന്നീട് വല്യുപ്പയുടേയും ശങ്കരന്‍ നായരുടേയും ഓര്‍മ്മയ്ക്കെന്നോണം വീടിനു വെളിയിലെ വെട്ടുവഴിയിലൂടെ ഏതെങ്കിലും ആന വന്നാല്‍ തേങ്ങ നല്‍കല്‍ എന്‍റെ പതിവായിരുന്നു.

ശുഭം..

ചിത്രത്തിന് ഗൂഗിളിനോട് കടപ്പാട്.